Search This Blog

Friday, December 31, 2010

Tuesday, December 7, 2010

"Cooking is fun" series....

launching soon

വിദൂരതയിലെ മരുപ്പച്ച



വിദൂരതയിലെ  മരുപ്പച്ച ...കഷ്ടപ്പെട്ടാലും ഇതിനു ഞാനൊരു തുരങ്കം വയ്ക്കും. മരുപ്പച്ച മരുപ്പച്ചയായിട്ടു തന്നെ ഇരിക്കട്ടെ. അത് വിധൂരതയിലും വേണ്ട, അടുത്തും വേണ്ട,  വേറെ  ഒരു നിഗൂഡതയും വേണ്ട.
കർണനെ സ്നേഹിച്ച കുറച്ചു പേരെങ്കിലും ഈ ഭൂലോകത്ത് ഉണ്ടാകും. അവരോടായി പറയുന്നു, മനുഷ്യർ ആയി ജന്മം കൊണ്ട പകുതിമുക്കാൽ പേരും ഓരോ കർണനും കർണിയും ആകുന്നു. ബുദ്ധി ജീവിയായി സ്വയം പ്രഖ്യാപിച്ച ബെൻ ഡാനിയൽ ഉച്ചത്തിൽ ചിന്തിച്ചതാണ് കഥാ  തന്തു. രംഗം നടനം ആടുന്നത് ആറ്റിങ്കുഴി പഞ്ചായത്തലെ അരിമുറുക്കിനു പ്രസിദ്ധമായ സാക്ഷാൽ തങ്കപ്പന്റെ ചായ കടയിലും. ഇത് വെറും കടയല്ല , വിശാലമായ ഭൂലോകത്തിന്റെ എന്തോ ഒരു സാധനം ഇതിനകത്ത് എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട് എന്ന് ബെൻ ഡാനിയൽ വിശ്വസിക്കുന്ന, തങ്കപ്പനെ കൊണ്ട് വിശ്വസിപ്പിച്ച ,ഒരു ചെങ്കൽ മുറിയാണ് ഈ കട.
ബെൻ ഡാനിയൽ‍, ഇതാണ് സ്ഥലത്തെ പ്രധാന ബുദ്ധി ജീവി. സോഷ്യലിസ്റ്റ്‌ ആശയങ്ങളും, മാർക്സിസം, ലെനിനിസം എന്ന് വേണ്ട ഒരു മാതിരി പെട്ട എല്ലാ ഇസങ്ങളും കലക്കി കുടിച്ചെന്നാണ് കേട്ട് കേൾവി. വൈകിട്ട് അടിക്കുന്ന പട്ടയിൽ കലക്കി കുടിച്ചതാണോ തങ്കപ്പന്റെ കടയിലെ ചായയിൽ മുക്കി കുടിച്ചതാണോ എന്നോക്കെ ചോദിച്ചാൽ ഉത്തരം മുട്ടി പോകും. കുടിച്ചു എന്നുള്ളത്  വാസ്തവം. കലക്കിയാണോ കലക്കാതെയാണോ എന്നുള്ളത് പിന്നെ അവലോകിക്കാം. എന്തായാലും പത്രം വായിക്കും, അതിനെ കലക്കി കുടിക്കും. ഇത് ശരിക്കുമുള്ള കുടിയാണ്. ബുദ്ധിയുടെ പാന പത്രത്തിലേക്ക് വലിച്ചൂതി ഊറ്റി ഊട്ടി കുടിക്കും. ഈ ചായക്കടയെ ഇത്രയധികം പ്രകീർത്തിക്കാൻ ഡാനിയലിന് ഒരു കാരണമുണ്ട്.


ആരോരുമിലാത്ത തനിക്കു ഈ കടയാണ് വീട് , അതിലേക്കു വരുന്ന ജനങ്ങളാണ് കുടുംബം. അത് പറ്റുകാരാവട്ടെ  കാശു രൊക്കം കൊടുക്കുന്നവർ ആയികൊട്ടെ എല്ലാവരും കുടുംബക്കാർ‍. കുറെ കഥകൾ കേറി ഇറങ്ങി ഉറങ്ങി കറങ്ങി കരഞ്ഞു ചിരിച്ചു വിളിച്ചു പോയ തിണ്ണയിൽ മുഖം പതിഞ്ഞു കിടക്കുമ്പോൾ ഒരു സുഖം ഡാനിയലിനു തോന്നാറുണ്ട്.
കുറെയേറെ സ്ഥിരം കഥാപാത്രങ്ങൾ ഈ കടയുടെ ബെഞ്ചുകളിൽ ഇരിക്കാറുണ്ട്. അവരെയൊക്കെ നമ്മുക്ക് വഴിയെ പരിചയപ്പെടാം. ഇന്ന് ബെൻ ആണ് നമ്മുടെ കഥാപാത്രം. ബെന്നിന്റെ ചിന്തകൾ ആണ് കഥാതന്തു. ബെന്നിനിന്നു അച്ഛനില്ല അമ്മയില്ല അനിയത്തിമാരോ അനിയന്മാരോ ചേട്ടന്മാരോ ചേച്ചിമാരോ ഇല്ല. ഒറ്റക്കാണ് ബെൻ‍. പഞ്ചായത്തിലെ പള്ളിവക അനാഥാലയത്തിൽ വളർന്നു. പള്ളിയിലെ ക്രിസ്തുവും അവിടുത്തെ അച്ഛനും കൂടി വളർത്തി. ഡാനിയൽ എന്ന് നാമകരണം ചെയ്തത് അച്ഛനാണ്. ക്രിസ്തുവിനു അതില്‍ പങ്കുണ്ടോ എന്നറിയില്ല. ഡാനിയലിന്റെ അർഥം ഒരിക്കൽ അച്ഛനോട് ചോദിച്ചപ്പോൾ " ഈശ്വരന്‍ എന്റെ വിധി കർത്താവ്‌" എന്നുത്തരം നല്‍കി അച്ഛൻ‍. ശരിയാണ് എന്റെ വിധി കർത്താവു തന്നെ. ബെൻ എന്നുള്ളത് പിന്നീട് വന്നതാണ്‌. ക്രിത്യമായി പറഞ്ഞാൽ 1992-ൽ ‍. മമ്മൂട്ടിയുടെ " അർഥം" എന്ന സിനിമയിലെ ബെൻ നരേന്ദ്രൻ കണ്ടതിനു ശേഷം. ഡാനിയലിന് ആ കഥാപാത്രത്തെ അങ്ങ് ബോധിച്ചു. സ്വയം പേർ ചേർത്തതാണ് ബെൻ എന്ന്.


ഇപ്പോൾ ഡാനിയലിന് നാല്‍പതു വയസ്സ് ബെൻ ഡാനിയലിന് പതിനെട്ടു വയസ്സ്. ബെൻ എന്ന പേർ അവലംബിക്കാൻ ഒരു പ്രേമ നൈരാശ്യവും ഹേതുവായി ഉണ്ടായിരുന്നു. പത്തു മുപ്പതു കൊല്ലം മുന്നേ ..ഒരു ഫ്ലാഷ് ബാക്ക്. 1990 കാലഖട്ടം. ശരിക്കും പറഞ്ഞാൽ അതിനും മുന്നേ. ഒരു മൂന്ന് വർഷം പിന്നോട്ട്. 1987-കളിൽ കോളേജിൽ രാഷ്ട്രിയം പറഞ്ഞു നടന്നിരുന്ന കാലം.  ആയിടക്കാണ്‌ ധീമയെ പരിച്ചയപെട്ടത്‌. " ദിമഹ് " പേര് കേട്ടപ്പോ വിചാരിച്ചത് ഇതേതോ ഉത്തരേന്ത്യൻ ലോബികളുടെ വിഴുപ്പായിരിക്കും എന്നായിരുന്നു. പേരിന്റെ പ്രത്യേകതയാണ് ഡാനിയലിനെ ധീമയിലേക്ക് അടുപ്പിച്ചത്. അല്ലാതെ അടുക്കാനുള്ള മേയ്യഴകും മേനിയഴകും ഒന്നും ഉണ്ടായിരുന്നില്ല പെണ്ണിന്. പരിചയപെട്ടു , അപ്പോൾ മനസ്സിലായി ചാവക്കടാണ് സ്ഥലം. ഇസ്ലാമാണ് , അമ്മയില്ല , അച്ഛൻ കുവൈറ്റിലാണ്. ചുമ്മാതല്ല വിചിത്രങ്ങാളായ് പെരൊക്കെ. വല്ല ഐഷയോ , സുഹറയോ എന്നൊക്കെ ആണേല്‍ കൊള്ളാം, ഇതിപ്പോ "ദിമഹ്" . എല്ലാത്തിനും ഒരർത്ഥം വേണം എന്ന് വാശി പിടിച്ചിരുന്ന ഡാനിയലിന് ആ വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാൻ സ്ഥലത്തെ മൌലവി തന്നെ വേണ്ടി വന്നു. മനോഹരമായ അർത്ഥം "മഴയെ ഗര്‍ഭം ധരിച്ചിരിക്കുന്ന മേഖം". ഒരു കുളിർമ ആ പേരിനു.
ബഹുമാനം തോന്നി ഡാനിയലിന് അവളുടെ പിതാവിനോട്. കവിത തുളുമ്പുന്ന നാമം. ആ വികാരിയച്ചന് ഇതൊന്നും തോന്നീലല്ലോ എന്നും ഒരു സങ്കടം ഡാനിയേലിന് എവിടെ നിന്നോ വന്നു.

അങ്ങനെ ഡാനിയലും ദിമഹയും അടുത്തു. അടുത്തു എന്ന് പറഞ്ഞാൽപോര വളരയേറെ അടുത്തു. തെല്ലു മെലിഞ്ഞ് വെളുത്തു ചെറു താടിയും മീശയും ഉള്ള ഒരു രാഷ്ട്രിയ കിങ്കരനെ കൂട്ടത്തിൽ കിട്ടിയത് തന്റെ ഒരു അരക്ഷിതാവസ്ഥ മാറ്റാൻ സഹായിച്ചു എന്നത് കൂടാതെ പ്രേമം എന്നൊരു ലഹരി എങ്ങെനെ തലയ്ക്കു പിടിക്കാം എന്നുള്ള ഒരു സ്പെഷ്യൽ ക്ലാസും കൂടി കിട്ടി ദിമാഹയക്ക്‌. മെലിഞ്ഞു ഇരുനിറത്തിൽ വലിയ കണ്ണുള്ള തട്ടമിട്ട അതിലുമേറെ മനോഹരമായ പേരുള്ള സുന്ദരിയെ ഡാനിയലും പ്രേമിക്കാൻ ആഗ്രഹിച്ചു. ദിവ്യമായ പ്രേമം, അനശ്വരമായ പ്രേമം. പ്രേമം കൊമ്പത്ത് കേറി നിന്നപ്പോളെക്കും പഠനം തീരാറായി. ഇനിയിപ്പോ ജീവിക്കണമെങ്കിൽ , തന്റെ പ്രേമത്തെ പൊന്നുപോലെ നോക്കണമെങ്കിൽ പണം വേണം. പണത്തിനു ജോലി വേണം. പ്രേമിച്ചും മുദ്രാവാക്യം വിളിച്ചും നടന്നപ്പോൾ ഇതൊന്നും ആലോചിച്ചില്ല. ദൈവം തന്റെ വിധി കർത്താവായി ഇരിക്കുമ്പോൾ തനിക്കൊന്നും ചെയ്യാനാവില്ല എന്ന് ഡാനിയൽ വിശ്വസിച്ചിരുന്നു. ഒരു മടിയനായ മനസ്സിന്റെ വിശ്വാസം. പക്ഷെ ദിമഹിനു അതല്ലല്ലോ. ഏതു നിമിഷവും പെയ്തെക്കാവുന്ന ഒരു മഴയുണ്ട് അവളുടെ ഉള്ളിൽ‍. അങ്ങനെയിരിക്കെ ഒരു ദിവസം ദിമഹ് ആ സത്യം വെളിപ്പെടുത്തി. .....( കഥ തുടരും ......)